Sahityapedia
Sign in
Home
Your Posts
QuoteWriter
Account
6 Sep 2024 · 1 min read

എങ്ങനെ ഞാൻ മറക്കും.

എങ്ങനെ ഞാൻ മറക്കും.
*****************************
അന്തിവെയിലിൽ തിളങ്ങുമെൻ
അശ്രു ബിന്ദുക്കൾ,നീ
അധരത്താൽ ഒപ്പിയതിന്നലെ യെന്നപോലോർക്കുന്നുണ്ടിന്നും ഞാൻ.

“നിറയരുതീ മിഴികളിനി യൊരിക്കലും” –
എന്നു നീ ചൊല്ലുമ്പോൾ
നിൻ നനവാർന്ന മിഴികളിൽ
നോക്കിഞാൻ
പൂഞ്ചിരി തൂകിമെല്ലെത്ത
ലയാട്ടിനിന്നതല്ലേ….

അന്നു ഞാന റിഞ്ഞില്ല
തിനി യൊരിക്കലും കാണാനിടയില്ലാത്തൊരു
വേർപെടലിൻ യാത്രാ മൊഴിയായിരുന്നെന്ന്.

കഴിഞ്ഞില്ലെനിക്കന്നു ഞാൻ നിനക്കെകിയൊരാവാക്കു
പാലിച്ചിടാനും .
ഇല്ലിനിയൊട്ടുമതു-
പാലിക്കുവാനും.

തോർന്നതില്ലന്നുമുത-
ലിന്നുവരെയും,
എൻമിഴികളൊരു
ദിനം പോലും.

ഇല്ല കഴിയില്ലൊ-
രിക്കലും മോർക്കുവാൻ
കൺ നിറയാതെ
നിന്നോർമ്മകളെ.

ഇത്ര നിർദാക്ഷിണ്യമെന്നെ യുപേക്ഷിച്ചിതെങ്ങു
നീയെങ്ങു നീ
പോയ്‌മറഞ്ഞു…..

എങ്ങനെ ഞാൻ മറക്കും..? നമ്മുടെ,ഇരവോർമ്മകൾ പകലോർമ്മകൾ
കടലോളമുള്ളൊരാ –
കടലോർമ്മകൾ.

പിന്നെ നാമൊന്നിച്ചു
നനഞ്ഞോരാ –
മഴയോർമ്മകൾ….
നീല നിലാവോർമ്മകൾ…
മറക്കുവതെങ്ങനെ ഞാൻ.

അന്നു നീ എന്നോടു
മന്ത്രിച്ചു കാതിലായ്
“ഒരുനാളിൽ മറവിവന്നു മായ്ച്ചിടാം… എന്നിൽനിന്നൊരുപക്ഷെ
എന്നെപ്പോലും.
എങ്കിലുമോമലെ ഞാൻ മറക്കില്ലൊരിക്കലും
നിൻ സ്നേഹം തുളുമ്പുമീ
നീർ മിഴികൾ.”

എന്തു ഞാൻ ഇന്നു
കരുതേണ്ടൂ…..?
നീ ഇല്ലയെന്നോ…
അതോ മറവിതൻ
തിരശീലയാലെന്നെ
നീ മൂടിയെന്നോ …?
കഴിയില്ലാതെനിക്കും
നിനക്കും….ഒരുനാളിലും.

വെറുതേയാണെങ്കിലും
ഞാനിന്നും നിനയ്ക്കുന്നു…
നിൻ ഹൃത്തിൽ
ചിരഞ്ജീവിയായിഎന്നും
ഞാൻ ഉണ്ടായിടും
ഇന്നുമെൻ ഹൃത്തിലായ്
നീ ഉണ്ടായിടുന്ന പോൽ

ഹീരാ ഷണ്മുഖം 💕

Loading...