അന്ന്….
അന്ന്….
നിന്റെ പ്രണയം കടലിനോടായിരുന്നു.
എന്റേതാകട്ടെ നിന്നോടും .
കടലിലെ ആഞ്ഞടിക്കുന്ന
തിരമാകളായിരുന്നു നിനക്കിഷ്ടം.
പക്ഷേ എനിക്കാകട്ടെ
കായലിലെ ഓളങ്ങളോടും.
നീ കടലിലെ തിരകൾ നോക്കി ഇരിക്കുമ്പോൾ
ഒരു കടൽ തന്നെ ഒളിപ്പിച്ചു വച്ച
നിന്റെ മിഴികളിൽ നോക്കി
ഇരിക്കാനാണ് ഞാൻ ആഗ്രഹിച്ചത്.
നിന്റെ നീലമിഴികളിൽ എന്നോടുള്ള
പ്രണയത്തിന്റെ ആഴം അളക്കാൻ
ഞാൻ ശ്രമിച്ചു.
കടൽത്തീരത്തെ
ഈ മണൽത്തരികൾക്ക് പോലും നമ്മുടെ പ്രണയത്തിന്റെ കഥകൾ പറയാനുണ്ടാകും
എന്നു നീ പറഞ്ഞപ്പോ ഞാൻ പറഞ്ഞു “തിരകൾക്കും.”
വർഷങ്ങൾക്കിപ്പുറം വീണ്ടും നാം
ഈ തീരത്തുവച്ചു കണ്ടുമുട്ടുമ്പോൾ
നീ എന്താ പറഞ്ഞത്….
എന്നെ അറിയില്ലയെന്നോ….?
എത്രയോ തവണ നീ എന്നോടു ചോദിച്ചിരുന്നു
“ഞാൻ നിനക്കാരാണ്?”എന്ന്.
“എന്റെ സർവ്വസ്വവും നീയാണ് “എന്നു കേൾക്കാൻ വേണ്ടി മാത്രം.
എന്നിട്ടിപ്പോ…. ഞാൻ ആരാണെന്നോ….?
നിനക്ക് എന്നെ അറിയില്ല എന്നോ….?
നീ ഇപ്പൊ ഒറ്റക്കല്ല. അതാണോ ഇങ്ങനെ…?
അതേ.
നീ പറഞ്ഞിരുന്നതുപോലെ ഈ തീരത്തെ മണൽതരികൾ പറയുന്നുണ്ട് പ്രണയകഥകൾ ….
അതുപക്ഷെ നമ്മുടേതല്ലെന്നു മാത്രം.
നിന്റെ പ്രണയ കഥകൾ.
നിന്റെ മാത്രം കഥകൾ.
കടലിനെക്കാൾ നിഗൂഢതകൾ ഉള്ളിൽ ഒളിപ്പിച്ച പെൺകുട്ടീ….
നിന്നെ എനിക്കു മനസിലാകുന്നില്ല .
ഇന്ന് ഈ നോവിന്റെ തീരത്ത് ഞാൻമാത്രം അവശേഷിക്കുന്നു.
ഇനിയും വയ്യ.
നീ പ്രണയിച്ച ഈ കടലാഴങ്ങളിലേക്ക്
ഞാൻ യാത്രയാകുന്നു .
ഹീരാഷണ്മുഖം 💕