പൈതൽ
പൈതൽ
************
പൗർണ്ണമി തോൽക്കും
നിൻ പാൽപ്പുഞ്ചിരി-
യോർക്കുമ്പോൾ
പൈതലേ എൻ ചിത്തം
തുടിച്ചുയരുന്നു.
ചെന്തൊണ്ടി തോൽക്കുമാ
ചുണ്ടുകളിൽ നിന്നും
തേൻ തുള്ളികൾ
താഴേക്കുതിർന്നിരുന്നൂ….
മുല്ലപ്പൂമൊട്ടുകൾ പോലുള്ള
പല്ലുകൾ കാട്ടി നീ
പുഞ്ചിരി തൂകിടുമ്പോൾ
അമ്മ ദുഃഖങ്ങൾ –
പോലും മറന്നിരുന്നൂ….
മുറ്റത്തെച്ചെളി –
വെള്ളത്തിൽക്കളിച്ചു
നീ തെല്ലു മടുത്തിട്ടിരി
ക്കുമ്പോളൊ –
ക്കത്തെടുക്കുവാൻ
ശാഢ്യം പിടിച്ചതും
ചേറു പുരളുമെന്നോർ-
ക്കാതെ നിന്നെ ഞാൻ
വാരിഎടുത്തുമ്മ
നൽകുന്നതും
ഇന്നലെയാണെന്നു
തോന്നിടുന്നൂ….
അമ്മിഞ്ഞപ്പാലു
കുടിച്ചും കൊണ്ടെന്നെ നീ
കുസൃതിക്കണ്ണാലേ
നോക്കുന്നതും,
ചുണ്ടിന്റെ കോണിലാ-
യമ്മിഞ്ഞപ്പാലു
പതഞ്ഞു വരുന്നതും
പൈതലേ…കൗതുക
മുള്ളൊരു കാഴ്ചയായ-
അമ്മതന്നുള്ളത്തിലിന്നും തെളിഞ്ഞിടുന്നൂ…
വർഷങ്ങൾ
പോയതറിഞ്ഞില്ല
നിന്നമ്മ.
ഇന്നും നീ എന്നുള്ളിൽ
പൈതൽ മാത്രം.