ശവദാഹം
ശവദാഹം
***************
അലങ്കാര, വൃത്ത,പ്രാസാദികൾ പൊട്ടിച്ചെറിഞ്ഞു കൊണ്ട്….
സഭ്യതയുടെ അതിർവരമ്പുകൾ
ലംഘിച്ചുകൊണ്ട്….
ഉരുൾപൊട്ടലിലെ
ജലപ്രവാഹം പോൽ
പാഞ്ഞൊഴുകുന്നു
ആധുനിക കവിതയിന്ന്.
ഞാനും എഴുതിവച്ചിട്ടുണ്ടായിരുന്നു അർത്ഥശൂന്യമാം കവിതകൾ.
വൃത്തമലങ്കാരപ്രാസഭംഗികളേതു മില്ലാതെ….
നഗ്നയാം കവിതകൾ.
ആ ജലപ്രവാഹത്തിൽ
ഞാനും ഒഴുകുന്നു
മുങ്ങിച്ചാകാനനുവദിക്കാതെ
ഇരുകരങ്ങളിലായ് എൻ
കവിതകളുമായി.
കവിഭാവനയറിയാതെ
അർത്ഥശങ്കയാൽ
ഉഴറിടുന്നു വായനക്കാർ.
ഭാവന കവിക്കു മാത്രം സ്വന്തം.
രക്ത, കഫ, മല, മൂത്രാദിശബ്ദ-
കോലാഹലങ്ങ-
ളാലലംകൃതമായും,
സഭ്യതയുടെ അതിർ വരമ്പുകൾ തകർത്തെറിഞ്ഞുകൊണ്ടും,
വാതായനങ്ങൾ മലർക്കെ തുറന്നിട്ടുകൊണ്ട്,
ജനകീയമായിടുന്നു
കവിതയിന്ന്.
അകലെയൊരിടത്തായ്
മരച്ചില്ലയിൽ കുരുങ്ങി,
ഒരിറ്റു ശ്വാസത്തിനായി
കേണുകൊണ്ട് –
കൈകാലുകളിട്ടടിച്ചു നിലവിളിക്കുന്നുണ്ടായിരുന്നു,
വൃത്താലങ്കാരപ്രാസ-
ഭംഗികളാൽ സർവ്വാഭരണ
വിഭൂഷിതയാം കവിത.
ശുദ്ധമാം കവിത.
കറുത്ത പുക ഉയരുന്നുണ്ട്
വിദൂരതയിൽ.
ശവദാഹം കഴിഞ്ഞിരുന്നു ശുദ്ധസംഗീതത്തിന്റെയും.
ഹീരാ ഷണ്മുഖം 💕