മണം.
മണം.
************
അവൾക്കെന്നും പാൽ മണമായിരുന്നു .
ചക്കിലാട്ടിയ വെളിച്ചെണ്ണതേച്ച് കുളിപ്പിച്ചെടുത്തു,പൗഡർ പൂശി,
കണ്മഷി എഴുതിയ പിഞ്ചു
പൈതലിൽ ഗന്ധം.
അവളുടെ ഗന്ധം നുകരുവോളം അയാൾക്ക് പരിചിതമായിരുന്നത്
അനാഥത്വത്തിന്റെ ഗന്ധം മാത്രമായിരുന്നു.
“നിനക്കീയിടെയായി കള്ളിന്റെ മണമാണ്” എന്നവൾ പരാതി പറയും വരെയും ആയാൾ അവളുടെ പാൽമണം
മടുത്തിരുന്നില്ല.
ആ പരാതിയെ അയാൾ
സിഗരറ്റ് മണമുള്ള വായ്കൊണ്ട്, അവളുടെ അധരം നുകർന്നു –
നിശബ്ദമാക്കി.
മടുപ്പു തുടങ്ങിയപ്പോൾ
അയാൾ അവളിൽ
പലതരം ഗന്ധങ്ങൾ ചികയാൻ തുടങ്ങി.
ഒടുവിലയാൾ പൊളി
പറയാൻ തുടങ്ങി.
“നിനക്ക് ഈയിടെ യായി
സവാളയുടെ ഗന്ധമാണ്”.
കുളിച്ച് ഈറനോടെ…
അയാൾക്കിഷ്ടമുള്ള
പാൽമണത്തോടെ
മാത്രം കിടപ്പറയിൽ
വന്നിരുന്ന അവൾ അതിശയിച്ചു.
വർഷങ്ങൾ കടന്നുപോകെ അവർക്കിടയിൽ പരിഭവം മാത്രം ബാക്കിയായി.
“നിനക്ക് ഈയിടെയായി മരുന്നിന്റെ ഗന്ധമാണ്”
ഒരിക്കലയാൾ സത്യം പറഞ്ഞു.
അയാൾ ഒരു പിഞ്ചു പൈതലിനെപ്പോലെ
മുഖം പൂഴ്ത്തി കിടന്നിരുന്ന
അവളുടെ മാറിടം
മുറിച്ചു മാറ്റിയപ്പോൾ.
ഒടുവിൽ അവളുടെ ചേതനയറ്റ ശരീരമേറ്റു വാങ്ങുമ്പോൾ അയാൾ ആദ്യമായി മരണത്തിന്റെ ഗന്ധമറിഞ്ഞു.
അവളില്ലാത്ത രാത്രിയിൽ
അവളുടെ പാൽമണം തിരയവേ അയാൾക്കു ചുറ്റും ഏകാന്തതയുടെ
ഗന്ധം നിറഞ്ഞു.
ഒരു ശ്വാസം മുട്ടലോടെ ഇരുട്ടിലേക്കിറങ്ങി
നടക്കുമ്പോൾ
അയാൾ വീണ്ടും അനാഥത്വത്തിന്റെ
ഗന്ധമറിഞ്ഞു.
ഹീരാ ഷണ്മുഖം 💕