ആരും കാത്തിരിക്കാ
ആരും കാത്തിരിക്കാ
നില്ലാത്തവർ.
***********
യാത്രയൊന്നു പോകണം….
എനിക്ക്.
ആരെയും ഒപ്പം കൂട്ടാതെ.
അതെങ്ങനെ ആകണം ?
എങ്ങനെ വേണേലും ആകാല്ലോ .
ബസിലോ കാറിലോ ആയാലോ…?
ആവാം.
ട്രെയിനിലോ പ്ലെയിനിലോ ആയാലോ…?
അതും ആവാം.
സൈക്കിളിലോ ബൈക്കിലോ ആയാലോ….?
ആവാല്ലോ.
ഇനി ഒരുപക്ഷെ നടന്നായാലോ..?
അതെന്താ യാത്രയല്ലേ….?
അതേ….
അങ്ങനെയും ആകാം.
കാശു വേണ്ടേ യാത്രക്ക് …?
വേണോല്ലോ.
അതുവേണ്ടാത്ത യാത്രയുണ്ടോ…..?
ഉണ്ടല്ലോ…..
ഓ! ശരിയാ
അങ്ങനെയും ഉണ്ടല്ലോ ഒരു യാത്ര!!!
ആ യാത്രക്കു സമയമായോ
ആരാ അതിന്റെ സമയം നിച്ഛയിക്കുന്നത്.!!!
എന്തായാലും ഞാനിപ്പോ ആ യാത്രക്കല്ല പോകുന്നത്
പോകുംവഴിയതുണ്ടായാലോ?
അതു ചിന്തനീയം!!!
മേശപ്പുറത്തുണ്ട് ചില്ലറ നാണയത്തുട്ടുകളും
നോട്ടുകളും.
ഒരു പിടി വാരി
കുപ്പായക്കീശയിലിട്ടു.
കുപ്പിയൊരെണ്ണം വെള്ളം നിറച്ചു സഞ്ചിയിലാക്കി.
വായിക്കാൻതോന്നിയാലോ?
യാത്രക്കിടയിൽ.
എഴുതാൻ തോന്നിയാലോ?.
എടുത്തു പുസ്തകമൊരെണ്ണം കയ്യിൽ.
ഒപ്പം കൂട്ടി
പഴയ ഡയറിയും പേനയും.
ഇനി…ഈ തേഞ്ഞു പൊട്ടാറായ ചെരുപ്പ്…. അതു വഴിയിൽ ഉപേക്ഷിക്കാം.
പൊട്ടട്ടെ.അതുവരെ
ഉണ്ടാകുമല്ലോ കൂടെ.
സമയം നോക്കണ്ടല്ലോ.
ഒപ്പം വരാൻ ആളില്ലാത്ത
യാത്രയത്രെ മനോഹരം!
കാത്തു നിൽക്കണ്ട ആരെയും!
എപ്പോ വേണേലും പോകാം!
എപ്പോ വേണേലും വരാം!
എന്നാൽ ഞാൻ ഇറങ്ങട്ടെ.
അറിയില്ലൊരുമടക്കയാത്ര
ഉണ്ടാകുമോ എന്ന്.
ഉണ്ടായാൽ എന്താ ഇല്ലെങ്കിലെന്താ….
ആരും കാത്തിരിക്കാൻ ഇല്ലാത്തവർക്കെന്തു മടക്കയാത്ര!!!
ഇത്…..
ഇതു വേണ്ടാ….
ഇതിവിടെത്തന്നെ-
യിരുന്നോട്ടെ
യാത്രക്കിടയിൽ ആരാനും വിളിച്ച് എന്റെ യാത്രയുടെ രസം കളഞ്ഞാലോ….
ഞാൻ ഇറങ്ങുന്നു.
പിൻ വിളി അരുത്.